എന്തിനും ഏതിനും ഗൂഗിളിൽ പോയി സെർച്ച് ചെയ്യുന്നവർ ആണ് നമ്മളിൽ പലരും. പല വിവരങ്ങളും വെബ്സൈറ്റുകളിൽ പോവാതെ തന്നെ ഗൂഗിൾ സെർച്ച് റിസൾട്ട് പേജിൽ നമുക്ക് കാണിച്ചു തരാറുണ്ട്. കസ്റ്റമർ കെയർ നമ്പർ അഡ്രെസ്സ് എല്ലാം നമുക്ക് ഇങ്ങനെ സെർച്ച് റിസൾട്ട് പേജിൽ ലഭിക്കും. ഇത്തരം വിവരങ്ങൾ നമുക്ക് കണ്ണടച്ച് വിശ്വസിക്കാമോ?
ഇല്ല എന്നാണ് ചില അടുത്ത കാല തട്ടിപ്പുകളിൽ നിന്ന് വെളിവാകുന്നത്. തട്ടിപ്പുകാർ വിദക്തമായി വ്യാജ വിവരങ്ങൾ ഇതിൽ നിറയ്ക്കുന്നു. ഗൂഗിൾ ഇത് കണ്ടുപിടിച്ചു തിരുത്തുമ്പോളേക്കും തട്ടിപ്പുകാർ ഇരയെ പിടിച്ചു കഴിഞ്ഞു കാണും.
എന്താണ് തട്ടിപ്പ്?
തട്ടിപ്പുകാർ പ്രമുഖ സ്ഥാപനങ്ങളുടെ കസ്റ്റമർ കെയർ നമ്പർ വ്യാജമായി ഗൂഗിൾ സെർച്ച് റിസൾട്ടിൽ തിരുകി കയറ്റുന്നു. SBI പോലുള്ള ചില പ്രമുഖ ബാങ്കുകളുടെ അല്ലെങ്കിൽ PAYTM പോലുള്ള പേമെന്റ് ആപ്പുകൾ അല്ലെങ്കിൽ ആമസോൺ പോലുള്ള ഷോപ്പിംഗ് സൈറ്റുകളുടെ കസ്റ്റമർ കെയർ നമ്പറുകൾ ആണ് ഇവർ വ്യാജമായി ഗൂഗിൾ സെർച്ച് റിസൾട്ടിൽ സൃഷ്ടിക്കുന്നത്.
ഒരു ഉപഭോക്താവ് ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ സെർച്ച് ചെയ്യുമ്പോൾ ഇത്തരം വ്യാജ നമ്പറുകൾ ആവും ചിലപ്പോൾ തെളിയുക. ആളുകൾ ഈ നമ്പറിൽ വിളിക്കുമ്പോൾ തട്ടിപ്പുകാർ നടത്തുന്ന വ്യാജ കോൾ സെന്റെറിൽ ആവും കണക്ട് ആവുന്നത്. തട്ടിപ്പുകാർ വെരിഫിക്കേഷൻ എന്ന് പറഞ്ഞു നമ്മുടെ ബാങ്ക് വിവരങ്ങൾ എല്ലാം വാങ്ങിയെടുക്കും. നമ്മൾ അങ്ങോട്ട് വിളിച്ച കോൾ ആയത് കൊണ്ട് നമ്മൾക്ക് സംശയം തോന്നുകയും ഇല്ല. ഇത്തരം വിവരം ഉപയോഗിച്ച് അവർ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കും. KYC വിവരങ്ങൾ നൽകണം എന്ന് പറഞ്ഞു ഡെബിറ്റ് കാർഡ് ന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ എടുത്ത് അയക്കാൻ പറയുകയും, അത് വച്ച് ഷോപ്പിംഗ് നടത്തുകയും ചെയ്ത കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആമസോൺ പോലുള്ള വെബ്സൈറ്റുകളുടെ വ്യാജ കസ്റ്റമർ കെയർ നമ്പറും ഇതുപോലെ തട്ടിപ്പുകാർ ഉപയോഗിക്കാർ ഉണ്ട്. വൈകിയുള്ള ഡെലിവറി, റിട്ടേൺ സംബന്ധമായ കാര്യങ്ങൾക്ക് വിളിക്കുന്ന ആളുകൾ ആണെങ്കിൽ പണം തിരിച്ചു തരാൻ അക്കൗണ്ട് വിവരങ്ങളും ഡെബിറ്റ് കാർഡ് വിവരങ്ങളും ആവശ്യമാണെന്ന് പറഞ്ഞു ഇവർ സൂത്രത്തിൽ തട്ടിയെടുക്കും.
"നിയമപരമായ പരിമിതി കാരണവും ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത കണക്കിലെടുത്തു വ്യാജമായി സെർച്ച് റിസൾട്ട് നിർമിക്കുന്ന രീതി ഇവിടെ വിശദീകരിക്കുന്നില്ല"
തട്ടിപ്പിൽ പെടാതിരിക്കാൻ എന്ത് ചെയ്യണം ?
- ഗൂഗിൾ പോലുള്ള സെർച്ച് എൻജിൻ വിവരങ്ങൾ കണ്ണടച്ചു വിശ്വസിക്കാതെ ഇരിക്കുക
- കസ്റ്റമർ കെയർ നമ്പറുകൾ അതാത് സ്ഥാപനത്തിന്റെ ഔദ്യോദിക വെബ്‌സൈറ്റിൽ നിന്ന് ശേഖരിക്കുക
- മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ് സൈറ്റ് ഉപയോഗിക്കുന്നെങ്കിൽ അതിൽ ഉള്ള Contact Us അല്ലെങ്കിൽ About സെക്ഷൻ വഴി ബന്ധപെടുക
- വ്യാജ കോൾ സെന്ററുകൾ ശ്രദ്ധയിൽ പെട്ടാൽ സൈബർ പോലീസ് നെ വിവരം അറിയിക്കുക
- തെറ്റായ വിവരങ്ങൾ ആണ് ഗൂഗിളിൽ ലഭിക്കുന്നതെങ്കിൽ ഉടൻ തന്നെ ഗൂഗിളിന് റിപ്പോർട്ട് ചെയ്യുക
- വെബ്സൈറ്റ് മൊബൈൽ ആപ്പ് ഡെവലപ്പേഴ്‌സ് നിങ്ങളുടെ കസ്റ്റമേഴ്സിന് നിങ്ങളെ ബന്ധപ്പെടാൻ ഉള്ള വിവരങ്ങൾ പെട്ടെന്ന് കാണും വിധം നിങ്ങളുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കാൻ ശ്രദ്ധിക്കുക
0 Comments